02:31pm 13 September 2026
NEWS
എന്നെ രക്ഷിക്കണം സാർ... അല്ലെങ്കിൽ അവൻ എന്നെ...?
18/02/2025  09:18 PM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
എന്നെ രക്ഷിക്കണം സാർ... അല്ലെങ്കിൽ അവൻ എന്നെ...?
HIGHLIGHTS

അപൂർവങ്ങളിൽ അപൂർവമെന്നു പറയാവുന്ന തെറ്റ് തന്നോടു ചെയ്ത പ്രിയ പിതാവിനെ ആരുമറിയാതെ കൊലപ്പെടുത്തി വടക്കേക്കര ദാസൻ. ആ 'സ്വാഭാവിക മരണ'ത്തിന്റെ പിന്നാമ്പുറകഥ അവിചാരിതമായി ചോർന്നു കിട്ടിയതിന്റെ തുമ്പുപിടിച്ചുള്ള അന്വേഷണത്തിൽ പ്രതിക്കു ശിക്ഷ വാങ്ങിക്കൊടുത്ത റിട്ടയേർഡ് ഡി.വൈ. എസ്. പി ജോസ് സെബാസ്റ്റ്യൻ അസാധാരണ നിരീക്ഷണങ്ങളുടെ അകമ്പടിയോടെ സംഭവം ഓർമ്മയിൽ നിന്നു ചികഞ്ഞെടുക്കുന്നു.

ചില സംഭവങ്ങൾ അങ്ങനെയാണ്. വിശ്വസിക്കാൻ പറ്റാത്തവിധം നമ്മളെ അമ്പരപ്പിക്കുന്ന വസ്തുതകളാകും മുന്നിലേയ്ക്ക് എത്തിപ്പെടുന്നത്.

സ്വാഭാവികമരണമായി ഡോക്ടർമാർ വരെ റിപ്പോർട്ടു ചെയ്യുന്ന പല സംഭവങ്ങളും പിൽക്കാലത്ത് കൊലപാതകമായി മാറിയ സംഭവങ്ങൾ പലതുമുണ്ട്. അതൊക്കെ നിയതിയുടെ ചില വിളയാട്ടുകളായിരിക്കാം. ഇവിടെ ആ തരത്തിൽപ്പെട്ട ഒരു അനുഭവം എന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും ഉണ്ടായിട്ടുണ്ട്.

അന്നു ഞാൻ നോർത്തു പറവൂർ സർക്കിൾ ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന സമയം. മിക്ക ദിവസങ്ങളിലും അപരിചിതനായ ഒരുവൻ സ്റ്റേഷനിൽ വന്നു പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. അന്നൊരു ദിവസം അവൻ എന്റെ മുന്നിലെത്തി. എന്നിട്ട് ഭയന്നു വിറച്ചു കൊണ്ടു പറഞ്ഞു: 'സാർ... എന്നെ രക്ഷിക്കണം സാർ... ഇല്ലെങ്കിൽ ആ വടക്കേക്കര ദാസനെന്നെ കൊല്ലും...'

അവന്റെ വെപ്രാളവും പരവേശവുമൊക്കെ കണ്ടപ്പോൾ ഞാനവനോട് ഇരിക്കാൻ പറഞ്ഞു. ഒരു ഗ്ലാസ് വെളളം കൊടുത്ത് അവന്റെ പരവേശമൊക്കെ ശമിപ്പിച്ചു.

എന്നിട്ടു ഞാൻ ചോദിച്ചു: 'എന്താണ് നിന്റെ പ്രശ്‌നം? നീ പലപ്പോഴും സ്റ്റേഷനിൽ വന്നു പോകുന്നത് ഞാൻ കണ്ടിരുന്നു. എന്താ കാര്യം?'

'സാർ ... ഭയമാണ് സാർ ... ഞാനിവിടെ പല തവണ വന്ന് ഏമാൻമാരോട് എന്റെ അവസ്ഥ പറഞ്ഞതാണ്. പക്ഷേ, അവരാരും അതൊന്നു ശ്രദ്ധിച്ചു പോലുമില്ല. അതുകൊണ്ടാണ് ഞാൻ സാറിന്റെയടുത്തു വന്നത്.'

' ശരി... എന്താണ് നിന്റെ പരാതി?'

അവൻ അവന്റെ കഥ പറഞ്ഞു തുടങ്ങി.

ഈ സംഭവകഥ എഴുതാൻ എന്നെ പ്രേരിപ്പിച്ചത് 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫായ മൈക്കിൾ വർഗീസ് ചെങ്ങാടക്കരിയുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ചാണ്.

കുഞ്ഞുണ്ണി എന്നാണവന്റെ പേര്. വടക്കേക്കരയിലാണ് താമസം. അല്ലറ ചില്ലറ മോഷണവും പിടിച്ചുപറിയും തല്ലുണ്ടാക്കലുമൊക്കെയാണ് തൊഴിൽ. അവന്റെ അടുത്ത ചങ്ങാതിയാണ് വടക്കേക്കര ദാസൻ. ദാസൻ ഒരു ആഭാസനൊന്നുമല്ല. പറയുന്നതു പോലെ പ്രവർത്തിക്കുന്നവനാണ് ദാസൻ എന്നാണ് കുഞ്ഞുണ്ണി പറഞ്ഞത്. കുഞ്ഞുണ്ണിയുടെ ബോസാണ് ദാസനെന്നു വേണമെങ്കിൽ പറയാം. രണ്ടു പേരും ഒരുമിച്ചാണ് മോഷണത്തിനും പിടിച്ചുപറിക്കുമൊക്കെ പോകുന്നത്. തല്ലുണ്ടാക്കാൻ പോകുന്നതും ഒന്നിച്ചാണ്. വ്യക്തമായി   പറഞ്ഞാൽ അവർക്കിടയിൽ ഒരു രഹസ്യവുമില്ല. എല്ലാ കാര്യങ്ങളും ഒരുമിച്ചുകൂടിയാലോചിച്ചു തീരുമാനിക്കും. അതാണു പതിവ്. വടക്കേക്കര ദാസൻ എവിടെയുണ്ടോ അവിടെയെല്ലാം കുഞ്ഞുണ്ണിയുമുണ്ടാകും. അങ്ങനെയിരിക്കെ ഒരു ദിവസം മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ കുഞ്ഞുണ്ണിയും ദാസനും തമ്മിൽ ചെറിയ വാക്കുതർക്കമുണ്ടായി.

തർക്കം മൂത്ത് തല്ലോളമെത്തി.അതിനിടയിൽ വടക്കേക്കര ദാസൻ പറഞ്ഞു: 'കുഞ്ഞുണ്ണി നിന്നെ ഞാൻ തീർത്തു കളയുമെന്ന്... അവന്റെ അച്ഛനു മദ്യത്തിൽ സയനൈഡ് കലർത്തിക്കൊന്ന പോലെ...'

അതു കുഞ്ഞുണ്ണിയെ വല്ലാതെ പേടിപ്പെടുത്തുന്നതായിരുന്നു. ദാസൻ പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുമെന്നവനറിയാം. ദാസൻ അവന്റെ അച്ഛന് മദ്യത്തിൽ സയനൈഡു കലർത്തി കൊടുക്കുമ്പോൾ തുണയായുണ്ടായിരുന്നത് കുഞ്ഞുണ്ണിയായിരുന്നു.

അവൻ പറഞ്ഞ വാക്കുകളൊന്നും എനിക്കത്ര കണ്ടു വിശ്വസിക്കാൻ കഴിഞ്ഞില്ല. സ്വന്തം അച്ഛനെ കൊന്ന ദാസന്റെ പേരിൽ കേസൊന്നുമുണ്ടാകില്ലേ എന്നു ഞാൻ കുഞ്ഞുണ്ണിയോട് ചോദിച്ചു.

'എന്തു കേസ് സാർ ... സയനൈഡ് ലായനിയാക്കി മദ്യത്തിൽ കലർത്തി കൊടുക്കുകയല്ലായിരുന്നോ? ഡോക്ടറും പോലീസുമൊക്കെ അതൊരു സ്വാഭാവിക മരണമാണെന്നല്ലേ വിലയിരുത്തിയത്.  ആർക്കും ഒരു സംശയവുമുണ്ടായതുമില്ല. ഹൃദയമിടിപ്പു നിലച്ചതായി എല്ലാവരും കരുതി. അതങ്ങിനെ ആക്കിത്തീർക്കാൻ ഞങ്ങൾക്കും കഴിഞ്ഞു. അതാണു സാർ ദാസൻ...'

ഞാൻ ആകെ ചിന്താക്കുഴപ്പത്തിലായി.

'അവന്റെ എല്ലാ കുറ്റകൃത്യങ്ങൾക്കും കൂട്ടുനിന്ന നീയും അവനെപ്പോലെയല്ലേ? അവനു കിട്ടുന്ന അതേ ശിക്ഷ തന്നെ നിനക്കും കിട്ടില്ലേ?' എന്റെ ചോദ്യം അസ്ഥാനത്തു തന്നെ കൊണ്ടു എന്നെനിക്കു തോന്നി. അവൻ വീണ്ടും അസ്വസ്ഥനായി.

ഞാൻ അവന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു. ഭയം അവനെ ഗ്രസിച്ചിരിക്കുന്നു. ദാസൻ പറഞ്ഞ പോലെ സംഭവിക്കുമെന്ന് അവൻ ഉറച്ചു വിശ്വസിക്കുന്നു. ആ മരണവാറണ്ടിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു കച്ചിത്തുരുമ്പായാണ് അവൻ എന്നെ കണ്ടത്.

' ശരി... ഞാൻ അന്വേഷിക്കട്ടെ ... അവൻ നിന്നെ ഒന്നും ചെയ്യില്ല.'

കുഞ്ഞുണ്ണിക്ക് അല്പം ആശ്വാസം . ഞാനവനെ പറഞ്ഞു വിട്ട ശേഷം വടക്കേക്കര ദാസനെ തപ്പി ഇറങ്ങി. അധികം അന്വേഷിക്കേണ്ടി വന്നില്ല. വടക്കേക്കര കവലയിൽ നിന്നു തന്നെ അവനെ പൊക്കി. സ്റ്റേഷനിൽ കൊണ്ടുവന്നു ചോദ്യം ചെയ്യാൻ ആരംഭിച്ചപ്പോൾ ഒരു കൂസലും കൂടാതെ കുറ്റം സമ്മതിക്കുക തന്നെ ചെയ്തു.

സത്യം പറയാമല്ലോ...എന്റെ അത്രയും കാലത്തെ അനുഭവത്തിനിടയിൽ ഏറെ അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു അത്. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയത് അവൻ തന്നെയാണെന്ന് യാതൊരു സങ്കോചവും കൂടാതെ അവൻ സമ്മതിച്ചു. അതു പറയുമ്പോൾ അവന്റെ മുഖത്ത് യാതൊരു പശ്ചാത്താപഭാവവും ഉണ്ടായിരുന്നില്ല. അവൻ ചെയ്ത ആ കുറ്റകൃത്യം ശരിയാണെന്ന നിശ്ചയദാർഢ്യത്തോടെ അവൻ നിന്നു. എന്തിനാണ് അച്ഛനെ സയനൈഡു കലർത്തിയ മദ്യം നല്കി കൊന്നതെന്ന ചോദ്യത്തിന് അവൻ  നൽകിയ മറുപടി കേട്ട് ഞാനൊന്നു ഞെട്ടി.

അച്ഛനെ അവനിഷ്ടമായിരുന്നു. ഏറെ... അച്ഛന്റെ ഏത് ആഗ്രഹവും അവൻ സാധിച്ചു കൊടുത്തിരുന്നു. ഇഷ്ടമുള്ള ഭക്ഷണം, ഇഷ്ടമുള്ള വസ്ത്രങ്ങൾ, ഇഷ്ടമുള്ള മദ്യം എന്നു വേണ്ട ആവശ്യപ്പെടുന്നതൊക്കെ അവൻ വാങ്ങിക്കൊടുത്തിരുന്നു. എല്ലാം അവന് അച്ഛൻ കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ... അങ്ങനെയിരിക്കെ അവന്റെ ഭാര്യ രഹസ്യമായി ആ സംഭവം അവനോടു പറഞ്ഞു.

അവൻ ഇല്ലാത്ത സമയത്ത് അവന്റെ അച്ഛൻ അവളെ കടന്നുപിടിച്ചെന്നും കീഴ്‌പ്പെടുത്താൻ ശ്രമിച്ചുവെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കരഞ്ഞു കൊണ്ടു പറഞ്ഞു. ആദ്യം അവനത് കാര്യമായെടുത്തില്ല. കാരണം, ഭാര്യയെക്കാൾ അവനു വിശ്വാസം അവന്റച്ഛനെയായിരുന്നു. അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നവൻ ഉറച്ചു വിശ്വസിച്ചു. വീണ്ടും പലതവണ ഭാര്യ പരാതി പറഞ്ഞതോടെ അവൻ ധർമ്മസങ്കടത്തിലായി. അച്ഛൻ അങ്ങനെ ചെയ്യുമോ? അച്ഛൻ എന്ന ബിംബം അവന്റെ മനസ്സിൽ അത്ര കണ്ടു തറഞ്ഞിരുന്നു.

ഭാര്യ പറയുന്നതു ശരിയാണോ എന്നറിയാൻ വേണ്ടി അവൻ പുറത്തു പോകുന്നതായി നടിച്ച് അവിടെ മറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുളികഴിഞ്ഞ് ഈറനോടെ വരുന്ന തന്റെ ഭാര്യയ്ക്കു മുന്നിൽ മാർഗതടസ്സം സൃഷ്ടിച്ചു അവളെ കയറിപ്പിടിച്ചു തന്നിലേയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്ന തന്റെ അച്ഛനെയാണു കണ്ടത്. അവന്റെ കണ്ണുകളെ അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല.

സ്വന്തം അച്ഛൻ... തനിക്കു ജന്മം തന്ന തന്റെ പിതാവ്... തന്റെ സഹധർമ്മിണിയെ പ്രാപിക്കാൻ വെമ്പൽ കാട്ടുന്നതു കണ്ടപ്പോൾ അവനു സഹിക്കാൻ കഴിഞ്ഞില്ല. അച്ഛൻ... ആ വാക്ക് അവന്റെ മുന്നിൽ ഒരു ചോദ്യച്ചിഹ്നമായി. അവനത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും അതു പുറത്തു കാട്ടാതെ അവൻ വീട്ടിലേക്കു വന്നു. അച്ഛനെ സ്‌നേഹപൂർവം പരിചരിച്ചു. ഒരു സംശയവും തോന്നാത്ത വിധം വിദേശമദ്യത്തിൽ സയനൈഡ് കലർത്തി അച്ഛനു നൽകി. അതിനു ശേഷം അയൽവാസികളോട് താനും ഭാര്യയും ബംഗ്ലൂരിനു പോവുകയാണെന്നും രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചെത്തുകയുളളൂ എന്നും പറഞ്ഞു.

ഇടയ്ക്ക് അച്ഛനെ ഒന്നു നോക്കിക്കൊള്ളണമെന്നും അഭ്യർത്ഥന നടത്തി..  അയൽവാസികൾ സ്‌നേഹപൂർവം അവരെ യാത്രയാക്കി. രണ്ടുനാൾ കഴിഞ്ഞ് ദാസനും ഭാര്യയും തിരിച്ചു വന്നപ്പോൾ കട്ടിലിൽ നിശ്ചലനായി കിടക്കുന്ന അവന്റെ അച്ഛനെയാണു കണ്ടത്. മരിച്ചു എന്നു മനസ്സിലാക്കിയ അവനും ഭാര്യയും അലമുറയിട്ട് നിലവിളിക്കാൻ തുടങ്ങി. അയൽപക്കത്തുള്ളവരും നാട്ടുകാരും വിവരമറിഞ്ഞെത്തി. അവന്റെ അച്ഛൻ ഹൃദയാഘാതം മൂലം മരിച്ചതാകാമെന്നവർ വിശ്വസിച്ചു.

പോലീസിൽ വിവരമറിയിച്ചു. അവർക്കും സംശയമുണ്ടായില്ല. ഒരു സ്വാഭാവിക മരണമായി അവരും റിപ്പോർട്ടെഴുതി. അങ്ങനെ ആർക്കും ഒരു സംശയത്തിനും ഇടയില്ലാത്ത വിധം പിതാവിന്റെ മൃതശരീരം അവനും കുടുംബക്കാരും ചേർന്നു ദഹിപ്പിച്ചു.അവന്റെ ഭാര്യയ്ക്കു പോലും  തന്റെ ഭർത്താവാണ് അമ്മായിയച്ഛന്റെ ഘാതകനെന്നറിയില്ലായിരുന്നു. ദാസന്റെ നിർദ്ദേശപ്രകാരം മദ്യവും സൈനയിഡും വാങ്ങിയത് കുഞ്ഞണ്ണിയായിരുന്നു. ഇത്രയുമൊക്കെ ദാസനിൽ നിന്നു തന്നെ അറിയാൻ കഴിഞ്ഞെങ്കിലും കേസിനു വേണ്ട മറ്റൊരു സോളിഡ് തെളിവും കൂടി വേണമെന്ന് ഞാൻ വിശ്വസിച്ചു. അതുപ്രകാരം ദാസന്റെ വീട് ഞാൻ ഒന്നരിച്ചു പെറുക്കാൻ തീരുമാനിച്ചു. തിരച്ചിലിനൊടുവിൽ വീടിന്റെ തട്ടിൻപുറത്തു നിന്നും സൈനഡ് വാങ്ങിയ കുപ്പി കണ്ടെത്താൻ  കഴിഞ്ഞു. മദ്യവും സയനൈഡും വാങ്ങിച്ചത് കുഞ്ഞുണ്ണിയെക്കൊണ്ടായിരുന്നു.

ഒരു പിതാവ് ചെയ്യാൻ പാടില്ലാത്തതു ചെയ്തപ്പോൾ മകന് കൊലപാതകിയാകേണ്ടി വന്നു. സംഭവം നടന്നു വർഷങ്ങൾ പലതു കടന്നിട്ടും കുഞ്ഞുണ്ണി എന്ന ആത്മ സുഹൃത്തു മൂലം തേഞ്ഞുമാഞ്ഞു പോയ കൊലപാതകം കുറ്റസമ്മതത്തോടെ തെളിയിക്കപ്പെട്ടു.

വടക്കേക്കര ദാസൻ ചെയ്തതു തെറ്റോ ശരിയോ? വർഷങ്ങൾക്കു ശേഷം കുറ്റം തെളിയിക്കപ്പെട്ടതോടെ ദാസൻ ജയിലിലായി. അവനെ ജയിലിലേയ്ക്ക് അയയ്ക്കാൻ പ്രേരിതമായതാകട്ടെ, കുഞ്ഞുണ്ണിയുടെ             മരണഭയവും. കുറ്റം എത്ര ചെറുതായാലും വലുതായാലും തെളിയിക്കപ്പെടേണ്ട സമയത്ത് അതു മറനീക്കി പുറത്തു വരിക തന്നെ ചെയ്യും. അതൊരു പ്രകൃതി നിയമമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img